Thursday, April 25, 2013

സ്പന്ദനം

എനിക്ക് നീ അവസാനം നല്കിയ 
ചുവന്ന പുഷ്പത്തിന്റെ ദളങ്ങൾ 
ഇന്ന് കൊഴിഞ്ഞു വീണിരിക്കുന്നു 
എന്റെ പ്രിയപ്പെട്ട ചഷകത്തിൽ 
ഞാനാ ഇതളുകൾ പെറുക്കി വെച്ചു .
നിന്റെ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം .

നീ  മന്ത്രകോടിയിൽ 
അണിഞ്ഞൊരുങ്ങി 
അപരിചിതന്റെ കാലൊച്ചക്കായി 
കാതോർത്തിരിക്കുന്ന ഇന്ന് 
എനിക്കു മോഹം അതിന്റെ 
നഷ്‌ടമായ വർണ്ണം തിരിച്ചു നല്കാൻ 
 പറ്റിയ നിറം തേടി അലഞ്ഞു 
കണ്ടെത്തിയ നിറങ്ങളൊന്നും 
അതിനു  യോചിക്കുന്നില്ല 
എന്നെനിക്കു തോന്നി .


അവസാനം ഞാൻ  കണ്ടെത്തി 
എന്റെ ചഷകം ആ വർണ്ണത്തിൽ 
നിറഞ്ഞു കവിയുമ്പോൾ 
എന്റെ  വിരലുകൾ സ്പന്ദിക്കുന്നു .
മറുകയ്യിൽ ഞാൻ ബലമായ്‌ 
പിടിച്ച ബ്ലേഡ്     നിലത്തു വീണു ,
നിന്റെ മുറിവേൽപ്പിച്ച ഓർമ്മകൾക്കൊപ്പം...
 

Tuesday, April 16, 2013

പാസ്സ് വേർഡുകൾ

ചുറ്റുപാടും , കാലവും എനിക്ക് പലപ്പോഴായി സമ്മാനിച്ച ഈ ചട്ടകൂടുകൾക്കുള്ളിൽ നിന്നും പുറത്തു ചാടി ഈ ലോകത്തെ നോക്കി ഒന്ന് പൊട്ടിച്ചിരിക്കാൻ ഒരു മോഹം .... 

അദൃശ്യമായ ഈ മേലങ്കിയുടെ ഭാരം ഇന്നെന്നെ അലോസരപ്പെടുത്തുന്നു , , 
അതിനുള്ളിലെ ദുർഗദ്ധം ഇപ്പോൾ എനിക്കസ്സഹനീയമായി തോന്നുന്നു ..
അവസാനം എനിക്ക് ബോധ്യമായി ഇനിയൊരു മോചനം അസാധ്യമാണ് 
എന്റെ ഓട്ടത്തിനിടയിൽ എവിടെയോ ആ മേലങ്കിയുടെ ഹുക്കുകളുടെ 
പാസ്സ് വേർഡുകൾ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു ..

സുനാമി


ഹൃദയത്തിൽ നിന്നുയർന്ന സുനാമി
 അർത്തലച്ചു തലച്ചോറിലെ
 ഓർമ്മകളെ തുടച്ചുമാറ്റി
 പരഹൃദയം നോക്കി
പാഞ്ഞു പോയപ്പോൾ
 തരിശ്ശായ മനസ്സിനുള്ളിലെ
 നീണ്ട തിരച്ചിലിൽ
എനിക്ക് ലഭിച്ച ചിരട്ടയുമായി
ഞാൻ ഈ തെരുവോരം തേടി എത്തി ............
. വയറിനു വേണ്ടി
വയറിനെ തന്നെ മർദ്ദിക്കുന്ന ഗായകനായി ...