Monday, July 25, 2011

അസ്തമയം തിരയുന്നവര്‍

ഞാന്‍ തിരയുകയാണ് ഇന്നെന്‍റെ ജരാനരകളെ
കാലമേ എന്തിനു നീ അതു മാത്രം ഒളിച്ചു വച്ചിരിക്കുന്നു
എന്‍റെ ജരാനര ഒന്ന് ഞാന്‍ അണിഞ്ഞു കൊള്ളട്ടെ
എന്‍റെ മനസ്സിന്റെ ഉള്ളില്‍ ഞാന്‍ സൂക്ഷിച്ച
കടും കളറുള്ള ചായകൂട്ടുകള്‍ വാരി ഒഴിച്ച്
ഞാന്‍ അതിനൊരു വര്‍ണ്ണം കൊടുക്കട്ടെ
എന്‍റെ മൂശയില്‍ വിരിഞ്ഞ ബിംബങ്ങള്‍
എല്ലാം അപൂര്‍ണ്ണം ആയിരുന്നോ ?
ഞാന്‍ കൊളുത്തിയ നിലവിളക്ക്
എന്നും കരുന്തിരി വെട്ടമേ നിനക്ക് തന്നുള്ളൂ
എന്നിട്ടും ,കാലം എന്‍റെ സുന്ദരമായ മൂടുപടം
വലിച്ചു മാറ്റി ഹോ ഞാന്‍ എന്‍റെ
കണ്ണ് പൊത്തി പോയി എന്‍റെ ജരാനര
എനിക്ക് കിട്ടിയിരിക്കുന്നു എനിക്ക്
ലോകത്തോട്‌ വിളിച്ചു പറയാന്‍ വാക്കുകള്‍
പോലും ഇല്ലാതെ ഞാന്‍ ഓടി എന്‍റെ ജന്മത്തിന്‍
മറുകരയിലേക്ക് അപ്പോള്‍ അകലെ ഞാന്‍ കണ്ടു
രണ്ടു സുന്ദരമായ കണ്ണുകള്‍ എന്നെ നോക്കി നില്‍ക്കുന്നു
അവള്‍ സുന്ദരി ആയിരുന്നു ,നെറ്റിയില്‍ ചന്ദനവും
നുണക്കുഴിയും വെളുത്ത പുടവയും തുളസി
കതിരും,നീണ്ട മുടിയും എല്ലാം അവള്‍ക്കുണ്ടായിരുന്നു
അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍
അവളെ അസൂയയോടെ തഴുകുന്നോ ?
ആ കണ്ണുകളില്‍ എന്‍റെ രൂപം ചെറുതായി
ചെറുതായി അകന്നു പോകുകയവാം
ആ മിഴികളില്‍ നീര്‍ നിറഞ്ഞിരിക്കാം.
എങ്കിലും ഇനിയും ഒരു തിരിച്ചു പോക്ക് എനിക്ക് വയ്യ
എന്നും എനിക്ക് നഷ്ടങ്ങാന്‍ മാത്രമായിരുന്നു ബാക്കി
ഈ മണ്ണില്‍ ആദ്യമായി ഞാന്‍ കരഞ്ഞപ്പോള്‍
അവരെന്റെ പൊക്കിള്‍ കൊടി അറുത്തു
അങ്ങനെ അമ്മയുമായുള്ള ആ ബന്ധം എനിക്ക് നഷ്ടമായി
കാലം എന്‍റെ ശൈശവവും,ബാല്യവും ,കൌമാരവും
യൌവനവും എല്ലാം ഋതുക്കള്‍ കടന്നു കടന്നു പോയപ്പോള്‍
എന്നില്‍ നിന്നും ഒന്നൊന്നായി കവര്‍ന്നെടുത്തു
ഇന്ന് എനിക്ക് ഇരന്നു വാങ്ങിയാ ജരാനര മാത്രം ബാക്കി
ഹഹഹ ഇപ്പോള്‍ എനിക്കായി ഒന്നും ഇല്ല
ഞാന്‍ നഗ്നന്‍ ആണ് പക്ഷെ എനിക്ക് ലജ്ജ ഇല്ല
എന്തിനു , ഇനി എനിക്ക് നഷ്ടപ്പെടാന്‍
ഒരു പിടി വെണ്ണീര്‍ കൂടി ബാക്കി ..
അതിനുള്ള മണ്‍ കലവും അവര്‍ ഒരുക്കിയിരിക്കുന്നു ...